
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു. പുളിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെ പുളിയാവ് പുഴയിലാണ് മൂവരും മുങ്ങിമരിച്ചത്.
തുണി അലക്കാൻ പോയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെ ഇസ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങിത്താഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് വിദഗ്ധ സംഘമെത്തിയാണ് ഇവരെ പുഴയിൽ നിന്നും പുറത്തെടുത്തെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇ.കെ. വിജയൻ എംഎൽഎയും, സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. മോഹനൻ, യുഡിഎഫ് സ്ഥാനാർഥി കെ.എം. അഭിജിത്ത്, മുഹമ്മദ് ബംഗ്ലത്ത്, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ, വളത്തിൽ കുഞ്ഞമ്മദ് തുടങ്ങിയ മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തി.











